‘അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്’;കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

‘ഹിന്ദുക്കളുടെ വികാരങ്ങളോട് കോണ്‍ഗ്രസിന് യാതൊരു പ്രതിപത്തിയും ഇല്ലേ. ഹിന്ദു വികാരത്തെ കോണ്‍ഗ്രസ് അവഗണിക്കുകയാണോ. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ നാട്ടില്‍ അയോധ്യാ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുകയാണോ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടോ എന്തെങ്കിലും തരത്തിലുള്ള ആഘോഷങ്ങള്‍ കേരളത്തിലുണ്ടേ ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ എന്തുകൊണ്ടാണ് ഇവിടെ മാത്രം അവഗണിക്കുന്നത്. മുസ്ലിം ലീഗിനെ ഭയപ്പെട്ടിട്ടാണോ. നിരോധിത സംഘടനയായ പിഎഫ്ഐയുടെ വിലക്ക് കാരണമാണോ സമസ്ത ഉള്‍പ്പെടെയുള്ള മത സംഘടനകളുടെ വിലക്ക് കാരണമാണോ ഇത് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണോ. ഇരട്ടത്താപ്പിന്റെ കാരണം വ്യക്തമാക്കണം.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആരുടെ സമ്മര്‍ദത്തിനാണ് വഴങ്ങുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കാരണമായി മറ്റ് സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ല. ഭയമാണോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരങ്ങള്‍ ശുചീകരിക്കും. പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ ദീപം തെളിയിക്കുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെതിരെയും കെ സുരേന്ദ്രന്‍ രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വേണ്ടപ്പെട്ടവനാണ് ടി എന്‍ പ്രതാപന്‍. അദ്ദേഹത്തിന്‍ സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിഎഫ്ഐക്കാരനാണ്. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളെ പ്രതാപനാണ് സംരക്ഷിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് ടി എന്‍ പ്രതാപനാണ്. കൂടുതല്‍ പറഞ്ഞാല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പ്രതാപന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്ന ഫോട്ടോ ഉള്‍പ്പെടെ കൈയ്യിലുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. സ്വണ്ണക്കടത്ത് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യേണ്ട സമയത്ത് ചോദ്യം ചെയ്യും. മോദി സര്‍ക്കാര്‍ നടത്തുന്ന സുതാര്യമായ പ്രവര്‍ത്തനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top