ലൈഫ് മിഷന്റെ പങ്ക് ലഭിച്ചത് മുഖ്യമന്ത്രിയ്‌ക്കെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ലൈഫ് മിഷന് തട്ടിപ്പിന്റെ പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലിബാബയും 41 കള്ളന്‍മാരും എന്ന് പറയുന്നത് പോലെ പിണറായി വിജയനും 20 കള്ളന്‍മാരും ആണ് സംസ്ഥാന മന്ത്രിസഭയിലെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. ലൈഫ് മിഷന്‍ തട്ടിപ്പിലെ തൊണ്ടി വെളുപ്പിക്കാനാണ് ജയരാജന്റെ ഭാര്യ ലോക്കര്‍ തുറന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളാ ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുപോയതെന്ന് പൊലീസ് അന്വേഷിക്കണമെന്നും ഇക്കാര്യം ജയരാജന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സത്യവാങ്മൂലം നോക്കിയാല്‍ ജയരാജന്‍ അഷ്ടിയ്ക്ക് വകയില്ലാത്ത ആളാണ്. പിന്നെ ജയരാജന്റെ ഭാര്യക്ക് എന്തിനാണ് ലോക്കര്‍ തുറന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിസിടിവിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ഫയലുകള്‍ കത്തിയതിലും അന്വേഷണം നടക്കുന്നില്ല. സ്വപ്നക്ക് ഇടക്കിടെ നെഞ്ച് വേദന ഉണ്ടാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വേദന മുഖ്യമന്ത്രിയുടെ നെഞ്ചിലാണൊ എന്ന് സംശയക്കുന്നുവെന്നു സുരേന്ദ്രന്‍ പരിഹസിച്ചു.

സ്വപ്ന നഴ്‌സുമാരുടെ ഫോണില്‍ നിന്ന് പല ഉന്നതരുമായും സംസാരിക്കുന്നു. ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കണം. തട്ടിപ്പില്‍ കൂട്ടുപ്രതി ആയതിനാലാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്തതിനാലാണ് ഫേസ്ബുക്കില്‍ പറയാം എന്ന് പറയുന്നത് ജലീല്‍ പറയുന്നത്. ജലീല്‍ നുണകളുടെ രാജാവാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ജലീല്‍ മാധ്യമങ്ങളേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി രക്ഷപ്പെടാം എന്ന് ജലീല്‍ കരുതേണ്ട. ഖുര്‍ആന്റെ പേര് പറഞ്ഞ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ജലീലിനെ ന്യായികരീക്കാന്‍ കോഴിക്കോട്ടെ മത പണ്ഠിതരും ശ്രമിക്കുന്നു.

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ വ്യക്തമായ തെളിവ് കിട്ടുമെന്നും വീണാ വിജയന് അഴിമതിയില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷന്‍ കമ്മീഷന്‍ വീണ വിജയന്‍ കൈപ്പറ്റിയതിന് അന്വേഷണ സംഘത്തിന് തെളിവുണ്ടെന്നും മുഖ്യമന്ത്രിയുടെ മകന്‍ ദുബായിലിരുന്ന് അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Top