ഉമ്മന്‍ചാണ്ടി വന്നത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി എത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്. ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു. ആര് പറഞ്ഞിട്ടാണ് ഉമ്മന്‍ ചാണ്ടി വന്നത്. പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

കോവിഡിനെ പിടിച്ചു കിട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണ്. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്. കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ്. ടീച്ചറമ്മ ഉറങ്ങുകയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

 

Top