കെ എസ് ഇ ബി ചെയര്‍മാന്റെ ആരോപണം ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികളിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാദ്ധ്യതയുണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ. ബി. അശോകിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ആരോപണം ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഒന്നാം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെല്ലാം പുറത്ത് വന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. അതേ മാതൃകയാണ് ഇടത് സര്‍ക്കാരും പിന്തുടരുന്നത്.

തന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. വൈദ്യുതി മന്ത്രിയുടേത് കുറ്റകരമായ മൗനമാണ്. കെഎസ്ഇബി ചെയര്‍മാനെ മുന്‍ മന്ത്രി എംഎം മണി ഭീഷണിപ്പെടുത്തുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്.

മണി മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണ് നടന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെ ചെയര്‍മാന്‍ പറഞ്ഞത് ഗൗരവതരമാണ്. പിണറായി വിജയന്റെ ഭരണത്തില്‍ സിഐടിയുവും ഇടത് യൂണിയനുകളും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top