ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത് സേവാഭാരതിയും മറ്റു സന്നദ്ധസംഘടനകളുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ദുരന്തമേഖലയില്‍ പോയോ എന്ന് തനിക്കറിയില്ലെന്നും താന്‍ കോട്ടയത്തെയും പത്തനംതിട്ടയിലെയും ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ദുരന്ത മേഖലയില്‍ കാണാനില്ല. സേവാഭാരതി പ്രവര്‍ത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോവുകയല്ലാതെ പണം ഇതുവരെ ചെലവഴിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ എം.എല്‍.എമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്പുകളുണ്ട്. നാലേമുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും ഒരു തുക പോലും ചിലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പ്രളയക്കെടുതി അനുഭിക്കുന്ന നാലു ജില്ലകളിലേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ അവശ്യസാധനങ്ങള്‍ എത്തിക്കും. കേന്ദ്രം നല്‍കിയ 3000ല്‍ അധികം കോടിയുടെ കണക്ക് എവിടെ? പ്രളയസെസ് പിരിച്ച പണം എവിടെ ചിലവഴിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആര്‍ക്കെങ്കിലും നഷ്ടപരിഹാര തുക നല്‍കിയോ? ഇതിനൊന്നും മറുപടി പറയാത്ത വിജയരാഘവന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top