സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: കാലാകാലങ്ങളായി ആദ്യം എതിര്‍ക്കുകയും പിന്നീട് ഭരണത്തില്‍ വരുമ്പോള്‍ എതിര്‍ത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത്.

ഇന്ന് സിപിഎം നിലപാട് തിരുത്തുമ്പോള്‍ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വര്‍ഷം പിറകിലേക്ക് പോയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം പിണറായി വിജയന്‍ മാതൃകയാക്കുന്നത് നല്ലത് തന്നെ. പക്ഷെ കേരളത്തില്‍ അതിനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് സത്യം. സംസ്ഥാനത്ത് നിക്ഷേപം തുടങ്ങാന്‍ ശ്രമിച്ച എന്‍ആര്‍ഐക്കാരുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നയമാണ് ഞങ്ങള്‍ മാതൃകയാക്കുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വാശ്രയ കോളേജുകളെയും സ്വയംഭരണാധികാരത്തെയും തള്ളി പറഞ്ഞ സിപിഎം ഭരണത്തിലെത്തിയപ്പോള്‍ അതെല്ലാം നടപ്പാക്കിയവരാണെന്ന് ജനങ്ങള്‍ക്കറിയാം.

ട്രാക്ടറിനെതിരെയും കംമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സിപിഎമ്മുകാര്‍ക്ക് എന്നും 20 വര്‍ഷം കഴിഞ്ഞാലേ വിവേകമുദിക്കുകയുള്ളൂ. വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ക്ക് സിപിഎമ്മുകാര്‍ തടസം നിന്നത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തും പോയി മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടേണ്ടി വരുന്നത്. വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളം മാറി കഴിഞ്ഞതായി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Top