രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടി കേരളത്തില്‍ നിന്നുണ്ടായത് കേരളം ചര്‍ച്ച ചെയ്യണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടി കേരളത്തില്‍ നിന്നുണ്ടായത് കേരളം ചര്‍ച്ച ചെയ്യണമെന്ന് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് വിശദീകരിക്കണം. ദളിതനായ രാഷ്ട്രപതിയെ അപമാനിച്ചുവെന്നും ഗൗരവമായ വിഷയമാണതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ആരാണ് അപമാനിച്ചതെന്ന് ചോദിച്ച കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയൊന്നും പറയുന്നില്ലെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി വി ഡി സതീശനാണ് സംസാരിക്കുന്നത്. സതീശന്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നു. സതീശനെയും മന്ത്രിസഭയിലെടുക്കണം. എകെജി സെന്ററില്‍ നിന്നാണോ സതീശന് ചെലവിന് കിട്ടുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് കൊടുക്കുന്നത് സംബന്ധിച്ച് ഒരു വിവാദവും ഉണ്ടാകരുത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സിപിഎം ഇടപെടുന്നുണ്ട്. മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും രാഷ്ട്രപതി കക്ഷിയാകുന്ന പ്രശ്‌നമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ പദവി ഒഴിയണം എന്നതില്‍ ജനങ്ങളില്‍ രണ്ടഭിപ്രായമുണ്ട്. ഗവര്‍ണര്‍ റെസിഡന്റ് കളിക്കേണ്ട എന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന നാടാണിത്.

പോത്തിനോട് വേദമോതിയിട്ട്‌ കാര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. കെ റെയില്‍ പരിസ്ഥിതി ആഘാത പഠനം ഇപ്പോഴെന്തിന് നടത്തുന്നു? സുതാര്യമായ പദ്ധതിയാണെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കും. പച്ചക്കൊടി കാണിക്കരുത് എന്ന് കേന്ദ്രത്തോട് സംസ്ഥാന ബിജെപി നേരത്തെ തന്നെ അറിയിച്ചതാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Top