വന്ദേഭാരത് ആക്രമണം; പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതര വീഴ്ച്ചയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനു നേരെ മലപ്പുറത്ത് ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ചതിനു പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നു വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

‘‘എലത്തൂർ ട്രെയിൻ ആക്രമണത്തിനു ശേഷമുള്ള ഈ ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിന്റെ സമീപനം ശരിയല്ല. കേസുമായി ബന്ധപ്പെട്ട് പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പൊലീസ്?’’ – സുരേന്ദ്രൻ ചോദിച്ചു.

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി. മരത്തിനു നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണും പ്രതി പറഞ്ഞു. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനവുമായി സുരേന്ദ്രൻ രംഗത്തെത്തിയത്.

Top