കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ പോകുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കടം കയറി മുടിഞ്ഞു നില്‍ക്കുന്ന കേരളത്തിനെ വീണ്ടും കടമെടുക്കാന്‍ അനുവദിച്ചില്ലങ്കില്‍ വന്‍ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതില്‍ അധികമാണ്. വീണ്ടും കടം വാങ്ങി ധൂര്‍ത്തടിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല. ഇനിയും കടമെടുത്ത് ചെലവു ചെയ്യുന്നതാണ് വന്‍ ദുരന്തത്തിന് വഴിവെക്കുന്നത്. കടമെടുപ്പിന് നിശ്ചയിച്ചിട്ടുള്ള പരിധിയും കടന്നുള്ള കടമെടുപ്പിനാണ് കേന്ദ്രം അനുമതി നല്‍കാത്തത്.കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ പോകുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കേരളം ഈ വിഷയവുമായി സുപ്രീം കോടതിയില്‍ പോകുന്നത് നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചും കേന്ദ്ര നിലപാടിനെ കുറിച്ചും കൂടുതല്‍ വ്യക്തത വരാന്‍ അതുപകരിക്കും. കേന്ദ്രം കേരളത്തിന് എല്ലാ മേഖലയിലും കയ്യയച്ച് സഹായം നല്‍കുകയാണ്. ചില മേഖലകളില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ നല്‍കുന്നു. ഇതിനെല്ലാം വ്യക്തമായ കണക്കുള്ളത് കേന്ദ്ര ധനമന്ത്രി തന്നെ പുറത്തു വിട്ടിട്ടുള്ളതാണ്. അതെല്ലാം മറച്ചു വെച്ചാണ് പിണറായിയും കൂട്ടരും കേന്ദ്ര സര്‍ക്കാരിനെതിരെ അസത്യ പ്രചാരണം നടത്തുന്നത്.

ഓഫ് ബജറ്റ് ബോറോവിങ്ങിന്റെ തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണ് കേരളം കടമെടുക്കുന്നത്. അതിനാലാണ് ഓഫ് ബജറ്റ് ബോറോവിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.അപ്പോഴും, ധനകാര്യ കമ്മിഷന്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി വ്യക്തമായിട്ടുണ്ട്.സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ കേരളം ആവശ്യപ്പെട്ടതില്‍ കൂടുതല്‍ കേന്ദ്രം നല്‍കിക്കഴിഞ്ഞു. ചെലവഴിച്ചതിന്റെ കണക്കു നല്‍കുകയും വീണ്ടും അപേക്ഷിക്കുകയും ചെയ്താല്‍ മാത്രമേ തുടര്‍ ഗന്ധുക്കള്‍ ലഭ്യമാകൂ. പല പദ്ധതികളും ഇത്തരത്തിലാണ്. കേന്ദ്രം നല്‍കുന്ന പണം വാങ്ങി ചെലവഴിക്കുന്നതല്ലാതെ അതിന്റെ കണക്ക് യഥാസമയം നല്‍കുന്നില്ലന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കിട്ടാനുള്ള നികുതി കുടിശിക കാര്യക്ഷമമായി പിരിച്ചെടുക്കുകയും അനാവശ്യ ചെലവുകളും ധൂര്‍ത്തും അവസാനിപ്പിക്കുകയും ചെയ്യുകയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് മൂന്നിലുള്ള മാര്‍ഗ്ഗം. കേന്ദ്ര വിരോധം മാത്രം പ്രചരിപ്പിച്ച് എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ പിണറായിയും കൂട്ടരും ശ്രമിക്കേണ്ടതില്ലന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Top