കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാരിന് അഞ്ച് മിനുട്ട് സമയം വേണ്ടെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാരിന് അഞ്ച് മിനുട്ട് സമയം വേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സിപിഐഎം മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജയകൃഷ്ണന്‍ അനുസ്മരണദിന യോഗത്തില്‍ സംസാരിക്കവെയായിരുന്നു സര്‍ക്കാരിനെതിരെ സുരേന്ദ്രന്റെ പരാമര്‍ശം.

പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും രാഷ്ട്രീയ പതനം സര്‍വ്വകലാശാലയിലൂടെ ആരംഭിച്ചിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ കേരളത്തിലുണ്ട്. പലയിടത്തും സിപിഐഎം സ്വന്തക്കാരെ തിരുകിക്കയറ്റുകയാണെന്നും ആരോപിച്ച സുരേന്ദ്രന്‍ ഇത് പാര്‍ട്ടിയുടെ അവസാനത്തിന്റെ ആരംഭമാണെന്നും കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ നിയമവാഴ്ച്ച അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരും. നിയമം എല്ലാവര്‍ക്കും ബാധകമാണ്. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടും. എന്‍ജിഒ യൂണിയന്‍ അംഗമാണെന്ന് കരുതി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാവില്ല. അത്തരക്കാരെ അവിടെ നിന്ന് പടിയടച്ച് പിണ്ഡം വെയ്ക്കും’, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാം നിയപ്രകാരമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നിയമപ്രകാരമല്ല കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വലിച്ച് താഴെയിടാന്‍ അഞ്ച് മിനുട്ട് പോലും വേണ്ട. ഭരണഘടനയെ വെല്ലുവിളിച്ചുള്ള പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top