സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയിട്ടില്ല ; നിലവില്‍ 15 കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ നിലവില്‍ 15 കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയിട്ടില്ലെന്നും എട്ട് കേസുകള്‍ 2016ന് മുമ്പുള്ളതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മൂന്ന് കേസുകള്‍ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കിയതെന്നും നിയമസഭയില്‍ ഒ. രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കി.

അതേസമയം ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സുരേന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പിന്നീട് റാന്നി ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു.

Top