കൊവിഡ്: എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷയെന്ന് കെ.സുരേന്ദ്രന്‍

കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ചതില്‍ കര്‍ണാടകയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷയായിരിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തുളള കൊവിഡ് കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.അതില്‍ കൂടുതല്‍ കേരളത്തിലാണ്. കേരളം നമ്പര്‍ 1 ആണ്, കൊവിഡിനെ പിടിച്ചുകെട്ടി എന്നാണല്ലോ പറയുന്നത്.24 കോടി ജനങ്ങളുളള ഉത്തര്‍പ്രദേശില്‍ 2000 കേസുകള്‍ പോലുമില്ല. എന്നാല്‍ മൂന്നുകോടി ജനങ്ങളുളള കേരളത്തില്‍ പതിനായിരക്കണക്കിന് കേസുകള്‍ വരുന്നു. പോസിറ്റിവിറ്റി നിരക്ക് ഒരുഘട്ടത്തില്‍ 12.50 ശതമാനമായി. കൊവിഡ് നിയന്ത്രിക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലേക്കുളള റോഡുകള്‍ കര്‍ണാടക അടച്ചുവെന്നത് പ്രചാരണമാണെന്നും റോഡുകള്‍ അങ്ങനെയൊന്നും കൊട്ടിയടക്കാന്‍ പോകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം കേരളത്തെ സംബന്ധിച്ച് യാത്രാ സൗകര്യം ലഭിക്കണമെന്നും അതിനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കെ.സുരേന്ദ്രൻ നയിക്കുന്ന ബിജെപിയുടെ വിജയയാത്ര ഇന്ന് കണ്ണൂരിൽ പ്രവേശിക്കും. അതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

Top