മണ്ണിനോടും സഹജീവികളോടും പ്രതിബദ്ധതയുള്ള കവയിത്രിയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാല്‍ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചര്‍.

ടീച്ചറുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു കവയിത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവര്‍. ആറന്മുളയുടെ പൈതൃകവും പരിസ്ഥിതിയും തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തില്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. അധികാരവും പണവും ഉപയോഗിച്ച് കേരളത്തിലെ പെണ്‍കുട്ടികളെ പിച്ചിചീന്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ ഇരകളുടെ ഒപ്പം നില്‍ക്കാന്‍ കവയിത്രി ഉണ്ടായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ അവര്‍ പോരാടി.

മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി, ഒരു സ്വപ്നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ തുടങ്ങിയ കവ്യകൃതികളിലൂടെ സഹൃദയരുടെ മനസ് കവരാന്‍ സുഗതകുമാരിക്കായി. അവരുടെ വിയോഗത്തില്‍ എല്ലാ മലയാളികളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

Top