ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെണ്‍കരുത്തെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെണ്‍കരുത്തായിരുന്നു. യഥാര്‍ത്ഥ പോരാളിയായിരുന്നു അവര്‍ എന്നും സുരേന്ദ്രന്‍ അനുസ്മരിച്ചു. സ്ത്രീകള്‍ക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിക്കുന്നത്.

കാര്‍ഷിക പരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്‌കരണ നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകള്‍ക്ക് ഗൗരിയമ്മ മന്ത്രിയായ പോള്‍ തുടക്കമിട്ടു. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത അവര്‍ മികച്ച ഒരു ഭരണാധികാരിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

11 തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഗൗരിയമ്മയുടെ ജനപിന്തുണയുടെ തെളിവാണ്. കേരള മുഖ്യമന്ത്രിവരെ ആയേക്കാമെന്ന് കരുതപ്പെട്ട വനിതാ നേതാവായിരുന്നു അവര്‍. രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കിടയിലെ പോരില്‍ അവരുടെ ദാമ്പത്യ ജീവിതം ഇല്ലാതായത് മലയാളികള്‍ക്ക് ഇന്നും ഒരു നൊമ്പരമാണ്.

അവസാനം സ്വന്തം പാര്‍ട്ടി ഒരു കറിവേപ്പില പോലെ പുറത്താക്കിയിട്ടും അവര്‍ ഒറ്റയ്ക്ക് പൊരുതി. ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. ജീവിതം മുഴുവന്‍ സമരമാക്കി മാറ്റിയ ഗൗരിയമ്മയുടെ മരണത്തില്‍ അവരുടെ സഹപ്രവര്‍ത്തകരുടെ ദുഖത്തില്‍ പങ്കാളിയാവുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

 

Top