ശിവശങ്കറിനും കോവിഡ് സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്; പരിഹാസവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തടസപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവശങ്കറിനെ ഒഴിവാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഹൃദയവും തലച്ചോറും ശിവശങ്കര്‍ ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അന്വേഷണ സംഘം ശേഖരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നീളുന്നത് മുഖ്യമന്ത്രിയിലേക്ക് ആണ്. ശിവശങ്കര്‍ എന്തെങ്കിലും പറയുമോ എന്നുള്ള പേടിയാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയെ ബാധിക്കുന്ന ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ കത്തിയത്. മുഖ്യമന്ത്രി എന്തിനാണ് സ്വപ്നക്കൊപ്പം വിദേശത്ത് പോയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയരായവര്‍ക്കെല്ലാം കൊവിഡ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ശിവശങ്കറിനും കൊവിഡ് സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മന്ത്രിമാര്‍ക്ക് രാഷ്ട്രീയം പറയാം. വി മുരളീധരനും രാഷ്ട്രീയം പറയാം. അത് വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ ആരോഗ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും വച്ച് മുന്നോട്ട് പോകാനാകില്ല. കൊവിഡ് സ്ഥിതി നിയന്ത്രിക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ വിളിക്കാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top