സ്വര്‍ണക്കടത്ത് പ്രതികളെ ബിജെപി നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് രാഷ്ട്രീയ പകപോക്കല്‍; കെ സുരേന്ദ്രന്‍

കൊല്ലം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെപി നേതാക്കളുടെ പേര് പറയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബിജെപി നേതാക്കളുടെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും പേര് പറയാനാണ് നിര്‍ബന്ധിച്ചുകൊണ്ട് ജയില്‍ അധികൃതര്‍ സ്വര്‍ണക്കടത്ത് കേസില്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാന ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. സരിതിനെയും സ്വര്‍ണക്കടത്ത് കേസ് പ്രതികളെയും ജയിലില്‍ പീഡിപ്പിക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചത്. പ്രതികാര രാഷ്ട്രീയത്തിന്റെ എല്ലാ സീമകളും കൊടകര കേസിലും സുന്ദര കേസിലും ബത്തേരി കേസിലും പൊലീസ് ഇപ്പോള്‍ ലംഘിക്കുകയാണ്. അന്വേഷണ സംഘം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലേ കുറയ്ക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറുന്നുവെന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ മനപ്പായസം ഉണ്ടിരുന്നാല്‍ മതിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

 

Top