കോടതി നടപടി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതി പ്രഖ്യാപിച്ച സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ച് എത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രതികൂട്ടിലെത്തുമെന്ന സാഹചര്യത്തിലാണ് ഭരണഘടനാ വിരുദ്ധമായ കാര്യം അദ്ദേഹം ചെയ്തത്.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചതിലൂടെ ഭരണഘടനാ അനുശാസിക്കുന്ന നിയമങ്ങള്‍ക്കെതിരാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായി എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ കോടതിയില്‍ നിയമപരമായി സമീപിക്കണമായിരുന്നു. അതിന് പകരം ഇല്ലാത്ത അധികാരം വച്ചുള്ള ഏറ്റുമുട്ടലാണ് സര്‍ക്കാര്‍ നടത്തിയത്. ഇത് അപക്വമായ നടപടിയെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയത്. കേസില്‍ പുതിയ തെളിവുകള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരായ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടിയെ കാണേണ്ടത്. ഇന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top