ബജറ്റ് നിരാശാജനകമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണം. പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാന്‍ഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാര്‍ഗവും സര്‍ക്കാരിനില്ലെന്ന് വ്യക്തമായി. മറ്റു സംസ്ഥാനങ്ങളിലെല്ലാം നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോള്‍ കേരളത്തില്‍ അതിന് വേണ്ടിയുള്ള ശ്രമമില്ല. കേന്ദ്രപദ്ധതികളുടെ പുനരാവിഷ്‌ക്കരണം മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നത്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബജറ്റ് പ്രസംഗത്തില്‍ അനാവശ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ധനമന്ത്രി ചെയ്തത്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തോട്ടം മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top