പൗരത്വ നിയമ വിഷയത്തില്‍ കെ സുരേന്ദ്രന് മറുപടി നല്‍കാന്‍ താല്പര്യമില്ല: തോമസ് ഐസക്

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പൗരത്വ ഭേദഗതി നിയമം പ്രചരണ വിഷയമാക്കി ഇടത് മുന്നണി. ഹൈന്ദവ മത സമുദായങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് പയറ്റുന്നത്.

പൗരത്വ നിയമ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടി നല്‍കാന്‍ താല്‍പ്പര്യമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് അറിയിച്ചു. നിയമം ആദ്യം നടപ്പിലാക്കുക കേരളത്തിലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 12 ശതമാനത്തിന്റെ മാത്രം പിന്തുണയുള്ള ബിജെപിക്ക് തനിച്ച് നിയമം നടപ്പാക്കാന്‍ കഴിയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് രണ്ട് ലക്ഷത്തി തൊണ്ണൂറായിരത്തിലധികം വോട്ട് നേടാന്‍ സഹായകരമായത് ശബരിമല യുവതി പ്രവേശന വിഷയമായിരുന്നു. അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഒന്നാമതെത്തുകയും ചെയ്തു. 2019ല്‍ എല്‍ഡിഎഫിന് ലഭിക്കേണ്ട ഒരു വലിയ വിഭാഗം വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പോയി.

ഇത്തവണ ഹൈന്ദവ മത സമുദായങ്ങളുടെ വോട്ടുകള്‍ കൂടുതലായി എന്‍ഡിഎയ്ക്ക് ലഭിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായകരമാകുമോ എന്ന ആശങ്കയും ഇടത് മുന്നണിക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് മണ്ഡലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്യാംപയിന്‍ ശക്തമാക്കാന്‍ ഇടത് മുന്നണി ഒരുങ്ങുന്നത്.

Top