സുല്‍ത്താന്‍ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കും

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കും. 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കി എന്നതാണ് കേസ്.

50 ലക്ഷം രൂപ സി കെ ജാനുവിന് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ 10 ലക്ഷം 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും 40 ലക്ഷം സുല്‍ത്താന്‍ബത്തേരിയില്‍ വെച്ചുമാണ് നല്‍കിയതെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്‍കിയത്.

അതേസമയം മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി ഒക്ടോബറില്‍ ജാമ്യം അനുവദിച്ചിരുന്നു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Top