ശബരിമല സമരത്തില്‍ കുമ്മനം ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു ; കെ സുരേന്ദ്രന്‍

K Surendran

കൊച്ചി : ശബരിമല സമരത്തില്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

കുമ്മനം രാജശേഖരന്‍ ബി ജെ പി നേതാവ് എന്നതിനേക്കാളുപരി ഹിന്ദു സമുദായത്തില്‍ മുഴുവന്‍ സ്വാധീനമുള്ള വ്യക്തിയാണ്. അതുകൊണ്ട്, കുമ്മനത്തിന്റെ വ്യക്തിപ്രഭാവം അടക്കമുള്ള കാര്യങ്ങള്‍ സമരത്തിന് കൂടുതല്‍ ഗുണകരമാകുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഈ പറഞ്ഞത് ഒരിക്കലും പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് എതിരെയുള്ള വിമര്‍ശനമായി കാണരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നതിനാലാണ് സമരത്തിന്റെ ഊര്‍ജം കുറഞ്ഞത്. ശബരിമല പ്രക്ഷോഭം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കെ സുരന്ദ്രന്‍ അറിയിച്ചു.

ശബരിമല പ്രക്ഷോഭം സുവര്‍ണാവസരമെന്ന പി.എസ്. ശ്രീധരന്‍ പിളളയുടെ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. താന്‍ ജയിലില്‍ ആയിരുന്നതിനാല്‍ ആയിരിക്കുമിത്. ശബരിമല ദര്‍ശനത്തിനായി കെട്ടുനിറച്ച് പോയ താന്‍ ഇരുമുടിക്കെട്ട് താഴെയിട്ടെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്റ്റേഷനില്‍ വച്ച് പൊലീസാണ് ഇരുമുടിക്കെട്ട് തള്ളിത്താഴെയിട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ താനും കണ്ടിരുന്നു. അതില്‍ ഇരുമുടിക്കെട്ട് താഴെയിടുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top