യുവത്വത്തിന്റെ പ്രസരിപ്പ് ഇനി തിളങ്ങും; പുതിയ അമരക്കാരന്റെ ജൈത്രയാത്ര…

k surendran

കേരളത്തിലെ ബിജെപി ഘടകം, നിയന്ത്രിക്കാന്‍ സാരഥിയില്ലാത്ത രഥം പോലെയായിരുന്നു. കേരളത്തില്‍ ബിജെപിക്ക് വലിയ വിലയൊന്നുമില്ല എന്ന വിലയിരുത്തല്‍ പലരും നടത്തുമ്പോള്‍ അത് തിരുത്തണമെന്ന ആവശ്യമായിരുന്നു കേന്ദ്രത്തില്‍ നിന്ന് ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് ഒരു അമരക്കാരനെ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു ബിജെപി. അത്തരത്തിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ തെരഞ്ഞെടുത്തത്.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുരേന്ദ്രന്‍. കൂടാതെ ഒരു യുവ നേതാവ് പാര്‍ട്ടി അമരത്ത് എത്തുന്നത് പാര്‍ട്ടിയെ സംബന്ധിച്ചും വലിയ കരുത്താകുമെന്ന് ഉറപ്പാണ്. മാത്രമല്ല, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ വീറും വാശിയുമുള്ള യുവ നേതാവ് തന്നെ ബിജെപിക്ക് വേണമായിരുന്നു, പാര്‍ട്ടിയുടെ ഈ പൊതു നിലപാട് സുരേന്ദ്രന് യഥാര്‍ത്ഥത്തില്‍ തുണയായി.

കേന്ദ്ര സര്‍ക്കാരിന്റെ സിഎഎ അനുകൂല നിലപാടിനോട് കേരളത്തിലെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്ത് നില്‍ക്കുമ്പോള്‍ എന്‍ഡിഎയുടെ ഭാഗമായ ബിജെപി കേരളത്തില്‍ നിശ്ചലമാണ്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ആശയം കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ യുവ പോരാളിയെ പാര്‍ട്ടിക്ക് അത്യാവശ്യമായിരുന്നു അങ്ങനെയാണ് കേന്ദ്രത്തില്‍ ഈ 49 വയസ്സുകാരന്റെ പേര് ഒരേ സ്വരത്തില്‍ മുഴങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കാനിരിക്കെ സുരേന്ദ്രന്‍ നേതൃത്വത്തിലെത്തുന്നത് പാര്‍ട്ടിയ്ക്കകത്ത് പ്രത്യേകിച്ചു യുവാക്കള്‍ക്കിടയില്‍ വലിയ ആവേശം ഉണ്ടാക്കും. ഗ്രൂപ്പുകള്‍ക്കതീതമായ പൊതുവികാരം ഉണര്‍ത്താനും സുരേന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ പല തവണ കെ സുരേന്ദ്രന്റെ പേര് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ വി.മുരളീധരന് പിന്നാലെ കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനാവുമ്പോള്‍ കെ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ബിജെപിക്ക് ശക്തി നല്‍കാന്‍ മുതിര്‍ന്ന നേതാവ് വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ആര്‍എസ്എസ് നേതാവായ കുമ്മനം രാജശേഖരന് നറുക്ക് വീഴുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അധ്യക്ഷ പദവി അലങ്കരിക്കാന്‍ അധികം സമയം കിട്ടിയിരുന്നില്ല. കുമ്മനത്തെ മിസോറാം ഗവര്‍ണറായി കേന്ദ്രം നിയോഗിച്ചു. തുടര്‍ന്നും സുരേന്ദ്രന്റെ പേര് ഉയര്‍ന്നെങ്കിലും അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഒരവസരം കൂടി നല്‍കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാത്രമല്ല സുരേന്ദ്രന്‍ അമരക്കാരനാകുന്നതില്‍ പലര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നുതാനും.

വിവാദങ്ങളിലൂടേയും ഇരട്ട പേരുകളിലൂടേയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ സുരേന്ദ്രന്‍, ശബരിമല യുവതീ പ്രവേശനവിഷയം കത്തിക്കയറി നിന്നപ്പോള്‍ പ്രക്ഷോഭരംഗത്ത് നായകനായി നിന്നു. ഇതോടെ ജനകീയനാകാനുള്ള ശ്രമവും അദ്ദേഹം നടത്തി. 22 ദിവസം ജയില്‍ വാസമനുഷ്ഠിച്ചതോടെ കേരളത്തിന്റെ പള്‍സ് അറിഞ്ഞ യുവ പോരാളിയായി, ബിജെപി തന്നെ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി. ശബരിമല വിഷയത്തിലൂടെ ഒരു വിഭാഗം വിശ്വാസികളെ സ്വാധീനിക്കാന്‍ കഴിഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം. ആ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ചത്. എന്നാല്‍ പരാജയമായിരുന്നു ഫലമെങ്കിലും അമിത് ഷായുടെയും മറ്റ് ദേശീയ നേതാക്കളുടെയും ഉള്ളില്‍ സുരേന്ദ്രന്‍ എന്ന നേതാവിന്റെ പേര് പച്ച കുത്താന്‍ കഴിഞ്ഞു.

ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ 40,000 ഓളം വോട്ട് നേടി. ഇതോടെയാണ് സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്. മാത്രമല്ല എന്തുകൊണ്ടും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കുന്നത് ഗുണം ചെയ്യുമെന്ന വികാരം പാര്‍ട്ടി അണികള്‍ക്കിടയിലുണ്ടായി.

1970 മാര്‍ച്ച് 10ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്റെ ജനനം. സ്‌കൂള്‍ കാലഘട്ടം മുതല്‍ ബിജെപിയോട് ചായ്‌വുണ്ടായിരുന്ന സുരേന്ദ്രന്‍ എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാവുകയും കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ മലബാര്‍ സിമന്റ്‌സ് അഴിമതി, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, കോവളം കൊട്ടാരം സമരം, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ പിന്നീട് യുവമോര്‍ച്ചയില്‍ നിന്ന് ബി.ജെ.പിയിലെത്തി. തുടര്‍ന്നാണ് അദ്ദേഹത്തിന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള വാതില്‍ തുറന്ന് കിട്ടിയത്.

ലോക്സഭയിലേക്ക് കാസര്‍കോസട് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ ഹര്‍ജിയും നല്‍കിയിരുന്നു.

അതേസമയം മഞ്ചേശ്വരം തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിവാദങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ സുരേന്ദ്രന്റെ പേര് ആവര്‍ത്തിക്കാന്‍ ഇടയാക്കി.

Top