ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; കെ.സുരേന്ദ്രന്‍ പുറത്തേയ്ക്ക്

കൊച്ചി: കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.

രണ്ട് ലക്ഷം രുപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും കെട്ടി വെയ്‌ക്കേതാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും ആക്രമിക്കപ്പെട്ട ലളിതയുടെ പരിക്കുകള്‍ നിസാരമെന്ന വാദവും കോടതി അംഗീകരിച്ചു.

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെയായിരുന്നു റിമാന്‍ഡ് ചെയ്തിരുന്നത്.

എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചിരുന്നു. തന്നെ ജയിലില്‍ അടയ്ക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. യുവതീപ്രവേശനം ആസൂത്രിതമായി നടപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ നീക്കം നടക്കാന്‍ പോകുന്നില്ലെന്നും സത്യം പുറത്തു കൊണ്ടുവന്ന് കൂടുതല്‍ ശക്തമായി പൊതുരംഗത്തെത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Top