ഗണ്‍മാനെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് ഗണ്‍മാനെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗണ്‍മാന്റെ നിയമനം സ്ഥാപിത താത്പര്യങ്ങള്‍ക്കായുള്ളതാണെന്നും യുഎഇ കോണ്‍സുലേറ്റിന് സുരക്ഷ നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞ് കേരള പോലീസ് വെറുതെ ഗണ്‍മാനെ നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും ചെയ്യാത്ത കാര്യമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് സഹായം നല്‍കി. ഈ ആരോപണം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും എന്നാല്‍ നില്‍ക്കകളിയില്ലെന്ന് മനസിലായപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തിന് എല്ലാ സഹായങ്ങളും നല്‍കിയത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്ത് സംഘവുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബന്ധം വ്യക്തമാണ്. മറ്റാരുടെയെങ്കിലും തലയില്‍ കുറ്റം കെട്ടിവച്ച് മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ സാധിക്കില്ല.

മുഖ്യമന്ത്രി രാജി വയ്ക്കണം. രാജി അനിവാര്യമാണ്. മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ട നൂറ് കണക്കിന് ചോദ്യങ്ങള്‍ കെട്ടികിടക്കുകയാണ്. സത്യമായ കാര്യങ്ങള്‍ പുറത്തു വരുന്നതുവരെ മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണം. ഒന്നുകില്‍ രാജിക്ക് മുഖ്യമന്ത്രി തയാറാകണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി പാര്‍ട്ടി ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top