ഞങ്ങള്‍ക്ക് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമില്ല; കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി

K. Surendran , Kodiyeri Balakrishnan

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങളില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമൊന്നുമില്ലെന്ന് കോടിയേരിയോട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ രക്ഷിക്കുന്നതും സിപിഎമ്മാണ്.

ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത് സിപിഎം നേതാക്കളാണ്. കുഞ്ഞാലിക്കുട്ടിയെയും രക്ഷിച്ചത് സിപിഎമ്മാണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയത് എല്‍ഡിഫും യുഡിഎഫും ചേര്‍ന്നാണ്. അതുകൊണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top