തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്.
പുറത്ത് വലിയ സദാചാരം വിളമ്പുന്ന ഒരു മഹാനടനടക്കം പലരും പല ഘട്ടത്തിലും ഈ പ്രവൃത്തികള്‍ക്കെല്ലാം മൗനാനുവാദം നല്‍കിയിരുന്നെന്നും അദ്ദേഹത്തിന്റെ സില്‍ബന്ധിയായ ഒരു നടനാണ് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ദിവസം പോലിസ് ക്ലബ്ബില്‍ ഓടിയെത്തിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റു മഹാനടന്‍മാര്‍ക്കെല്ലാം ഇദ്ദേഹത്തെ പേടിയുമാണ്. കൂട്ടത്തിലൊരു പെണ്‍കുട്ടിയെ ഈ രീതിയില്‍ ദ്രോഹിച്ച ഒരാളെ ഈ രീതിയില്‍ സംരക്ഷിച്ച മഹാനടന്‍മാര്‍ക്ക് കേരളം ഒരിക്കലും മാപ്പു നല്‍കില്ലെന്നും കേരളത്തിന്റെ മനസാക്ഷി നിങ്ങളെ ഓര്‍ത്ത് ലജ്ജിച്ചു തല താഴ്ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ഫെബ്രുവരി 22 ന് തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപിന്റെ പേര് ഈ പേജിലൂടെ പറഞ്ഞപ്പോള്‍ എന്നെ സ്‌നേഹിക്കുന്നവരടക്കം കടുത്ത വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ സത്യം എന്നെങ്കിലും പുറത്തുവരാതിരിക്കില്ലെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. ദിലീപ് മലയാള സിനിമാ ലോകത്ത് വലിയൊരു മാഫിയാ സംഘത്തെ നയിക്കുന്നു എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി