ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സി. പി. എം കുടിപ്പകയുടെ പേരില്‍ ; കെ സുരേന്ദ്രന്‍

K Surendran

കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

സാജന്‍ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. സാജന്റെ കാര്യത്തില്‍ ആ പാവം കരുതിയത് പി. ജയരാജനാണ് കണ്ണൂരിലെ പാര്‍ട്ടിയെ മുഴുവന്‍ നിയന്ത്രിക്കുന്നതെന്നാണ്. എം. വി. ഗോവിന്ദനും ഭാര്യയും ഇക്കാരണത്താല്‍ സാജനെ പരമാവധി ദ്രോഹിച്ചുവെന്നും കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതു കൂലി എഴുത്തുകാരും സൈബർ കമ്മികളും ഇതിനെയാണ് നമ്പർ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജൻ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേർക്കു തൊഴിലുകൊടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സി. പി എമ്മുകാർ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവർ കാണിക്കും. പിടിച്ചുനിൽക്കണമെങ്കിൽ നാട്ടിലെ പാർട്ടിക്കാരെ മുഴുവൻ തീറ്റിപ്പോറ്റണം. പോരാത്തതിന് പ്രദേശത്തെ മുഴുവൻ സാമൂഹ്യവിരുദ്ധർക്കും അവിടെ ജോലി കൊടുക്കണം. സാജന്റെ കാര്യത്തിൽ ആ പാവം കരുതിയത് പി. ജയരാജനാണ് കണ്ണൂരിലെ പാർട്ടിയെ മുഴുവൻ നിയന്ത്രിക്കുന്നതെന്നാണ്. ജയരാജനും അദ്ദേഹത്തിന്റെ ഉൾപ്പോക്കറ്റ് സ്ഥാപനത്തിനും ആവുന്നത്ര ഈ മനുഷ്യൻ സഹായിച്ചിട്ടുണ്ട് എന്നാണ് സാജനോടടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. എം. വി. ഗോവിന്ദനും ഭാര്യയും ഇക്കാരണത്താൽ സാജനെ പരമാവധി ദ്രോഹിച്ചു. ഗോവിന്ദന്റെ ഭാര്യ ചെയർ പേഴ്സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജൻ ജീവനൊടുക്കിയത്. ആന്തൂർ നഗരസഭ എന്നു പറഞ്ഞാൽ മൽസരിക്കാൻ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണയ്ക്ക് ഗോവിന്ദന്റേയും ഭാര്യയുടേയുംപേരിൽ കേസ്സെടുക്കണം. കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സി. പി. എമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല.

Top