രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിപ്രായം ആരാഞ്ഞ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിപ്രായം ആരാഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമല്‍നാഥും ദിഗ്വിജയ്‌സിംഹും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ പല ദേശീയ നേതാക്കളുടേയും പ്രസ്താവനകള്‍ കൗതുകമുളവാക്കുന്നതാണ്. സുപ്രീം കോടതി വിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാമക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് കമൽനാഥും ദിഗ്വിജയ്സിംഹും ഉൾപ്പെടെയുള്ള കോൺഗ്രസ്സിന്റെ പല ദേശീയ നേതാക്കളുടേയും പ്രസ്താവനകൾ കൗതുകമുളവാക്കുന്നതാണ്. ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചാംതീയതി പല ദേശീയനേതാക്കളും വ്രതമെടുത്ത് ഹനുമാന്‍ ചാലീസ ജപിക്കുമെന്നും പറയുന്നു.വൈകിയുദിച്ച സൽബുദ്ധിക്കും വിവേകത്തിനും നന്ദി. എനിക്ക് ചോദിക്കാനുള്ളത് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ ഇക്കാര്യത്തിലുള്ള നിലപാടെന്താണെന്നുള്ളതാണ്. അതറിയാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സത്യസന്ധമായി ഇക്കാര്യത്തിലുള്ള അഭിപ്രായം യു. ഡി. എഫ് നേതാക്കൾ പറയണം. ബഹു. സുപ്രീംകോടതിവിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന ഭവ്യമായ രാമക്ഷേത്രനിർമ്മാണത്തിന് പിന്തുണ നൽകുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാരും ചെയ്യേണ്ടത്. അതിനുള്ള നട്ടെല്ല് ലീഗിന്റേയും പോപ്പുലർഫ്രണ്ടിന്റേയും തടവറയിൽ കഴിയുന്ന കേരളത്തിലെ കോൺഗ്രസ്സുകാർക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കും.

Top