സത്യപ്രതിജ്ഞാ ലംഘനമാണ് എ കെ ബാലനും പി കെ ശ്രീമതി ടീച്ചറും നടത്തുന്നത്;കെ സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ പീഡന പരാതി അന്വേഷിക്കാന്‍ മുന്‍കൈയെടുത്ത എ കെ ബാലനും പി കെ ശ്രീമതി ടീച്ചര്‍ക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ഭയമോ പക്ഷപാതമോ ഇല്ലാതെ തനിക്കു മുന്നില്‍ വരുന്ന ഏതു കാര്യത്തിലും ഭരണഘടന ഉറപ്പുനല്‍കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവരാണവര്‍. പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട വിഷയം അന്വേഷിക്കാന്‍ ഇവര്‍ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്ററിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എ. കെ. ബാലനും ശ്രീമതി ടീച്ചറും വെറും പാർട്ടി നേതാക്കൾ മാത്രമല്ല. ഇരുവരും ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്തവരാണ്. ഭയമോ പക്ഷപാതമോ ഇല്ലാതെ തനിക്കു മുന്നിൽ വരുന്ന ഏതു കാര്യത്തിലും ഭരണഘടന ഉറപ്പുനൽകുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ നീതി നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവരാണവർ. ഭരണഘടനയുടെ അനുശാസിക്കുന്നതെല്ലാം നടപ്പാക്കാനുള്ള ബാധ്യത ദൃഡപ്രതിഞ്ജയായി എടുത്തവരാണിരുവരും. എല്ലാഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മാറ്റിനിർത്തിക്കൊണ്ട് ഒരു സ്ത്രീപീഡനക്കേസ്സിൽ പാർട്ടി താൽപ്പര്യപ്രകാരം അന്വേഷണച്ചുമതല അവർ ഏറ്റെടുത്തത് അക്ഷന്തവ്യമായ അപരാധമാണ്. പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട വിഷയം അന്വേഷിക്കാന്‍ ഇവർക്കെന്താണധികാരം. . പ്രഥമദൃഷ്ട്യാ ഒരു കൊഗ്നീസിബിൾ ഒഫൻസുള്ള ഒരു സംഭവമാണിത്. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണിത്.നിയമവിദഗ്ദ്ധൻമാർ ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്ന് പൊതുജനതാൽപ്പര്യാർത്ഥം അഭ്യർത്ഥിക്കുന്നു.

Top