കേന്ദ്ര ഏജന്‍സികള്‍ക്ക് ഭീഷണി വേണ്ട, ജനം തിരിച്ചറിയുമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട് ഒരു കേസന്വേഷണത്തില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്‍മാറണമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മടിയില്‍ കനമില്ലാത്തവന്‍ എന്തിന് ഭയപ്പെടണം എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. തട്ടിപ്പ് പുറത്തുവരും എന്നതുകൊണ്ടാണ് ഈ നീക്കം. അഴിമതി പിടിക്കപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ ഇതാണ് പിണറായിയുടെ സ്ഥിരം രീതി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടും സമാനമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഐസക് കാണിച്ച തെറ്റാണ്.

അതുകൊണ്ടാണ് ഇതിനെതിരായി ഉയര്‍ന്ന പരാതി നിയമസഭാ സമിതിയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്. ഐസക് കിഫ്ബിയില്‍ നടത്തിയ നിയമവിരുദ്ധ ഇടപെടല്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. മസാല ബോണ്ട് ഇറക്കിയത് ആരുടെ അറിവോടെയാണ്? ഇഡി അന്വേഷണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തെരുവില്‍ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top