ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ അന്വേഷിക്കണം; കെ സുരേന്ദ്രന്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഊരാളുങ്കല്‍ ലേബര്‍ കോപറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയ കരാറുകളില്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത് നില്‍ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും മറയായിട്ടാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കള്ളപ്പണം ചിലവഴിക്കാനുള്ള വഴിയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. ഇവരുമായുള്ള കരാറുകളില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ഊരാളുങ്കലിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കിട്ടിയ കരാറുകളെക്കുറിച്ച് അന്വേഷണം വേണം – സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇന്നും പ്രതികരണത്തിന് കെ.സുരേന്ദ്രന്‍ തയ്യാറായില്ല. ശോഭാ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങള്‍ എടുക്കണ്ടെന്നും ശോഭയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top