ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടുക

തിരുവനന്തപുരം: ഐടി സെക്രട്ടറി ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണം നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുഖ്യമന്ത്രിയറിയാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും പ്രോട്ടോക്കോള്‍ ഓഫീസറുമെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണ്ടേ. മാധ്യമ ഉപദേഷ്ടാവ് എന്തിനാണ് പലതവണ വിദേശസന്ദര്‍ശനം നടത്തിയതെന്ന് അന്വേഷിക്കണം.

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി മടിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഈ കേസില്‍ ആരോപണമുയരുന്നത് പിണറായി വിജയന് നേര്‍ക്കാണ്’, സുരേന്ദ്രന് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരേയും അവരുടെ സ്ഥാപനത്തിനെതിരേയും കെ സുരേന്ദ്രന്‍ ആരേപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മകള് ബംഗളൂരു കേന്ദ്രമായി നടത്തുന്ന വ്യവസായത്തിന് ഐടി സെക്രട്ടറിയുടെ പദവി ശിവശങ്കര്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്തതെന്ന് അന്വേഷിക്കേണ്ടെയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

‘ഉമ്മന്‍ചാണ്ടിയുടെ മക്കളുടെ കാര്യം മാത്രം അന്വേഷിച്ചാല്‍ പോരല്ലോ. ഈ ശിവശങ്കറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴെല്ലാം മുഖ്യമന്ത്രി എന്തിനാണ് സംരക്ഷിച്ചത്. മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്ന് അന്വേഷണം നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ധാര്‍മ്മികതയുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടുകയാണ് വേണ്ടത്’, സുരേന്ദ്രന്‍ പറഞ്ഞു.

Top