ബി.ജെ.പിയുടെ സകല പ്രതീക്ഷകളും, കോൺഗ്രസ്സ് എം.എൽ.എമാരിൽ . . .

ബി.ജെ.പിയുടെ കേരളത്തിലെ കണക്കു കൂട്ടലുകള്‍ വേറെ ലെവലിലാണ്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഗോവയിലെയും കര്‍ണ്ണാടകയിലെയും മധ്യപ്രദേശിലെയും ഒടുവില്‍, പുതുച്ചേരിയുടെ തന്നെയും ചരിത്രം പരിശോധിക്കുമ്പോള്‍ ബി.ജെ.പി നീക്കത്തെ ഒരിക്കലും നിസാരമായി കാണാന്‍ കഴിയുകയില്ല. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി അട്ടിമറി നടത്തിയത് ഖദറിനെ കാവിയണിയിച്ചപ്പോഴാണ്. കോണ്‍ഗ്രസ്സ് ഉള്ളടത്തെല്ലാം ഇനിയും ഇത്തരം കാവി വല്‍ക്കരണത്തിനുള്ള സാധ്യത കൂടുതലാണ്. നെഹറു കുടുംബം അടക്കി ഭരിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നും ഇനിയും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് കൂടാനാണ് സാധ്യത. മുന്‍പു ചെയ്ത പാപങ്ങള്‍ക്കാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് ബി.ജെ.പിയും നേട്ടമാക്കി മാറ്റുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കളെയും എം.എല്‍.എ മാരെയും മന്ത്രിമാരെയുമെല്ലാം അടര്‍ത്തിയെടുക്കുക എന്നതിപ്പോള്‍ ബി.ജെ.പിയുടെ ലഹരിയാണ്. ഒടുവില്‍ പുതുച്ചേരിയിലും ‘ഫലപ്രദമായി’ തന്നെ അവരത് നടപ്പാക്കി. രാഹുല്‍ ഗാന്ധി പുതുച്ചേരി വിട്ട് കേരളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെയാണ് നാരായണസ്വാമി സര്‍ക്കാര്‍ വീണത്. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൂടിയാണ് നിലംപൊത്തിയിരിക്കുന്നത്. ഇതിനു കാരണം കോണ്‍ഗ്രസ്സ് നേതൃത്വമാണ്. അധികാര മോഹികളായ നേതാക്കളുടെ പിടിയിലാണ് ഇന്ന് ആ പാര്‍ട്ടി. ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് ഓടി കളഞ്ഞ രാഹുല്‍ ഗാന്ധി നടുക്കടലിലാണ് കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചത്. കെ.സി വേണുഗോപാലിനെ പോലെയുള്ളവരുടെ കയ്യില്‍ ‘കടിഞ്ഞാണ്‍ ‘ കൊടുക്കുക കൂടി ചെയ്തതോടെ, അവശേഷിച്ചവരും പാര്‍ട്ടി വിട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുതുച്ചേരിയില്‍ കണ്ടതും ഹൈക്കമാന്റിന്റെ കഴിവു കേടാണ്.

കാവി ചാക്കില്‍ എപ്പോള്‍ വേണമെങ്കിലും ചാടി കയറുന്ന അധികാരമോഹികള്‍ തന്നെയാണ് ഇപ്പോഴും തന്നോടൊപ്പമുള്ളതെന്നാണ് ആദ്യം രാഹുല്‍ തിരിച്ചറിയേണ്ടത്. സ്വന്തം പരാജയത്തെ മറച്ചു പിടിക്കാന്‍ കേരളത്തിലെ കടലില്‍ ചാടിയതുകൊണ്ട് ഒരു കാര്യവുമില്ല. ഒരു പാപ കറയും അതുകൊണ്ട് പോകുകയുമില്ല. തിരുത്തല്‍ പ്രക്രിയക്കാണ് ആദ്യം കോണ്‍ഗ്രസ്സ് തുടക്കമിടേണ്ടത്. നയങ്ങള്‍ മുതല്‍ കുടുംബ വാഴ്ച വരെ മാറണം. അര്‍പ്പണബോധമുള്ള നേതാക്കളെയാണ് വാര്‍ത്തെടുക്കേണ്ടത്. പാര്‍ട്ടിക്കും പ്രത്യേയ ശാസ്ത്രത്തിനുമാണ് ആദ്യ പരിഗണന കൊടുക്കേണ്ടത്. അതല്ലാതെ നേതാക്കളുടെ പിന്നാലെ പോയാല്‍ കേരളത്തിലും ബി.ജെ.പിക്കാണ് കാര്യങ്ങള്‍ എളുപ്പമാകുക.

കേരളത്തില്‍ ബി.ജെ.പിക്ക് ഗവണ്‍മെന്റുണ്ടാക്കാന്‍ 35 മുതല്‍ 40 സീറ്റുകള്‍ മതിയെന്നാണ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസുമൊക്കെ ഉണ്ടല്ലോ എന്നാണ് സുരേന്ദ്രന്‍ നല്‍കിയിരിക്കുന്ന മറുപടി. ഈ പ്രസ്താവന സംബന്ധമായി കൂടുതല്‍ വിശദീകരിക്കാനും അദ്ദേഹം തയാറായിട്ടില്ല. 140 അംഗ നിയമസഭയില്‍ 40 അംഗങ്ങള്‍ മതി സര്‍ക്കാറുണ്ടാക്കാന്‍ എന്ന വാദം തന്നെ വോട്ടര്‍മാരെ തെറ്റിധരിപ്പിച്ച് കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനു വേണ്ടിയാണ്. ഒരിക്കലും അധികാരത്തില്‍ എത്താന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന ഇമേജ് മറികടന്ന് തങ്ങള്‍ക്കു മുന്നിലും സാധ്യതകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ബി.ജെ.പി നിലവില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയുടെ ഭാഗമായാല്‍ രണ്ടു സീറ്റുകള്‍ വരെ നല്‍കാനും കാവിപ്പട തയ്യാറാണ്. പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ്സാകട്ടെ വീണ്ടും കാവി പാളയത്തില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. മൂന്നു മുതല്‍ എഴുവരെ സീറ്റുകളും 18 ശതമാനം വോട്ട് വിഹിതവുമാണ് ഏഷ്യാനെറ്റ് ന്യൂസ് – സീഫോര്‍ സര്‍വ്വേയില്‍ ബി.ജെ.പിക്ക് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 40 മോഹ സംഖ്യ ആണെങ്കിലും മിനിമം 10 സീറ്റിലെങ്കിലും വിജയിക്കണമെന്നതാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇത്ര സീറ്റുകള്‍ ലഭിച്ചാല്‍ പോലും ത്രിശങ്കു സഭയായാല്‍ കളം ബി.ജെ.പിയുടെ കയ്യിലിരിക്കുമെന്നതാണ് നേതാക്കളുടെ ആത്മവിശ്വാസം.

PJ joseph

വിജയിച്ചു വരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ അടര്‍ത്തി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തെയും വേണ്ടി വന്നാല്‍ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ ‘അജണ്ട’ മുന്‍ നിര്‍ത്തിയാണ് സംഘപരിവാര്‍ സംഘടനകള്‍ കരുക്കള്‍ നീക്കുന്നത്. കൂറുമാറ്റ നിയമം ബാധകമാകാത്ത വിധം ഒരു പിളര്‍പ്പ് കോണ്‍ഗ്രസ്സില്‍ സാധ്യമാകുമെന്നു തന്നെയാണ് കാവിപ്പട കരുതുന്നത്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായാണ് അവരിപ്പോള്‍ കാത്തിരിക്കുന്നത്. യു.ഡി.എഫിനു ഇത്തവണ ഭരണം കിട്ടിയാലും ഇല്ലെങ്കിലും, എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിമാറ്റുക എന്നതു തന്നെയാണ് പ്രധാന അജണ്ട. ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എം നേതാക്കളെയും എം.പിമാരെയും അടര്‍ത്തിയെടുക്കുക പ്രയാസമായതിനാല്‍ ചെമ്പടയുടെ പിന്നാലെ നടന്ന് സമയം കളയണ്ടന്ന ഉപദേശമാണ് ആര്‍.എസ്.എസ് നേതൃത്വവും ബി.ജെ.പിക്കു നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിനൊപ്പം സി.പി.എമ്മിനെയും സുരേന്ദ്രന്‍ പരാമര്‍ശിച്ചത് കേവലം ഒരു ‘പ്രയോഗ’മായി മാത്രമാണ് പരിവാര്‍ നേതൃത്വം പോലും വിലയിരുത്തുന്നത്. വിജയിച്ചു വരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ വരുതിയിലാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പി കേന്ദ്ര നേതൃത്വം തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ കൂടിയായ എ.പി അബ്ദുള്ളക്കുട്ടിയെ ഇതിനായി തിരഞ്ഞെടുപ്പിന് ശേഷം കളത്തിലിറക്കാനും ആലോചനയുണ്ട്. ഇതോടൊപ്പം തന്നെ ചില എം.പിമാരെയും ബി.ജെ.പി നോട്ടമിട്ടിട്ടുണ്ട്.

കേരളത്തില്‍ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ എം.പിമാരുടെ ചുവടുമാറ്റം എളുപ്പത്തില്‍ സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ ഒരു ത്രിശങ്കു സഭയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, ഏതാനും സീറ്റുകള്‍ നേടിയാല്‍ തന്നെ നിര്‍ണ്ണായക ശക്തിയാവാന്‍ പറ്റുമെന്നാണ് കണക്കു കൂട്ടല്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍, രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും ഈ കാലയളവില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റാന്‍ എളുപ്പത്തില്‍ കഴിയുമെന്നുമാണ് ബി.ജെ.പി പ്രതീക്ഷ. ഇതിനു ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കേരള ഭരണം പിടിക്കാമെന്നതാണ് കാവിപ്പട കാണുന്ന സ്വപ്നം. ഇതു കേവലം ഒരു സ്വപ്നം മാത്രമായി തള്ളിക്കളയാന്‍ കഴിയുകയില്ല.

ഭരണം പിടിക്കാന്‍ കഴിയില്ലെങ്കിലും ഖദര്‍ കാവിയണിഞ്ഞാല്‍ മുഖ്യ പ്രതിപക്ഷമായി മാറാന്‍ ഒരു പക്ഷേ ബി.ജെ.പിക്കു കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അതിനു അവസരം നല്‍കാതിരിക്കണമെങ്കില്‍ ഖദര്‍ കാവിയണിയാതെ നോക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടത് കേരളത്തിലെ വോട്ടര്‍മാരാണ്. അവര്‍ ആ കടമ നിര്‍വ്വഹിക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Top