പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിച്ചാൽ കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറും

k surendran

ണക്കുകള്‍ എങ്ങനെ കൂട്ടി കിഴിച്ചാലും കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്നും വിജയിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അങ്ങനെ പറയുന്നത് തന്നെ വിഡ്ഢിത്തമായിരിക്കും. കാരണം ഒന്നര ലക്ഷത്തിലധികം വോട്ട് കൂടുതല്‍ സമാഹരിച്ചാലേ സുരേന്ദ്രന് വിജയിക്കാന്‍ കഴിയൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് വോട്ട് ബി.ജെ.പി ഈ മണ്ഡലങ്ങളില്‍ നിന്നായി നേടിയിരുന്നു.

2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 3,58,842 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫിലെ ആന്റോ ആന്റണി വിജയിച്ചിരുന്നത്. മൂന്ന് ലക്ഷത്തിലേറെ വോട്ട് ഇടതുപക്ഷവും നേടിയിരുന്നു. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ 1,38,954 വോട്ടുകളും മാത്രമായിരുന്നു. ഹിന്ദു ഭൂരിപക്ഷമണ്ഡലത്തില്‍ വലിയ രൂപത്തില്‍ സാമുദായിക ധ്രുവീകരണം നടന്നാല്‍ മാത്രമേ അട്ടിമറി വിജയത്തിന് സാധ്യതയുള്ളൂ.

ഇത്തവണ പത്തു ലക്ഷത്തിലേറെ പേരാണ് പത്തനംതിട്ടയില്‍ വോട്ട് ചെയ്തത്. അതായത് ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കണമെങ്കില്‍ മൂന്നര ലക്ഷം വോട്ടെങ്കിലും നേടണം. നിലവിലെ കണക്കുകള്‍ വച്ച് ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഈ നമ്പറില്‍ എത്താന്‍ പ്രയാസമില്ല.

എന്നാല്‍ കണക്കുകള്‍ക്കും മീതെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എല്ലാം തകിടം മറിയും. കേരള രാഷ്ട്രീയത്തിലെ സകല സമവാക്യങ്ങളും തകര്‍ന്നടിയും. കേരളം ഇനി ആര് ഭരിക്കണം എന്ന രൂപത്തിലേക്ക് വരെ വളരുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറും.

പുതിയ ഒരു വോട്ട് ബാങ്കാണ് ഇവിടെ സൃഷ്ടിക്കപ്പെടുക. ശബരിമല വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലത്തില്‍ സുരേന്ദ്രന്‍ വിജയിച്ചാല്‍ അതിന് ഒറ്റ കാരണമേയുള്ളൂ അത് ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണമാണ്.

ശബരിമല വിഷയം സജീവമാക്കാന്‍ സൂപ്പര്‍ ഹിറ്റായ ഭക്തിഗാനങ്ങളുടെ പാരഡിയില്‍ തീര്‍ത്ത തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ മുതല്‍ ലഘുലേഖകള്‍ വരെ വ്യാപകമായാണ് മണ്ഡലത്തില്‍ ഒഴുക്കിയത്. ഓരോ വീടുകളില്‍ കയറിയും കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചും ശബരിമല കര്‍മ്മസമിതിയും ഏറെ സജീവമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ പ്രധാനമന്ത്രി മുതല്‍ അമിത് ഷാ വരെ ആയുധമാക്കിയതും ശബരിമല വിഷയം തന്നെയാണ്. ഏത് വിഷയം ചര്‍ച്ചാവിഷയം ആകരുതെന്ന് ഇടതുപക്ഷം ആഗ്രഹിച്ചുവോ അതേ വിഷയത്തെ പ്രതിരോധിക്കേണ്ട സാഹചര്യമാണ് അവര്‍ക്കുണ്ടായത്. അവസാന നിമിഷം വരെ തുല്യ ശക്തികളുടെ പോരാട്ടമായി പത്തനംതിട്ടയെ ബി.ജെ.പി മാറ്റിയത് തന്നെ ഞെട്ടിക്കുന്ന കാര്യമാണ്.

13 ലക്ഷത്തിലേറെ വോട്ടുകള്‍ ഉള്ള പത്തനംതിട്ടയില്‍ 74.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. എട്ട് ശതമാനം വോട്ടുകളാണ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി പോള്‍ ചെയ്യപ്പെട്ടത്. ഹിന്ദു വിഭാഗങ്ങളുടെ ശക്തികേന്ദ്രമായ ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. പൂഞ്ഞാറിലെ പി.സി ജോര്‍ജ് അനുകൂല വോട്ടും സുരേന്ദ്രനാണ് ഇത്തവണ ലഭിക്കുക.

ശബരിമല വിഷയം ഇല്ലായിരുന്നു എങ്കില്‍ ഇവിടെ ബിജെപിയുമായി ഒരു താരതമ്യത്തിനു തന്നെ പ്രസക്തി ഇല്ലായിരുന്നു. വിജയിക്കും എന്ന ബോധം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കാടടച്ച പ്രചരണം വഴി ബി.ജെ.പിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രവചനാതീതം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പോലും വിലയിരുത്തേണ്ട സാഹചര്യവുമുണ്ടായി.

പത്തനംതിട്ട നേടിയാല്‍ കേരളം പിടിക്കുക എന്ന ലക്ഷ്യം വിദൂരമല്ലെന്ന സന്ദേശമാണ് ബി.ജെ.പി നേതൃത്വം അണികള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ തവണ തലനാരിഴക്ക് നഷ്ടപ്പെട്ട തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും കുമ്മനം വിജയിച്ചാല്‍ അല്ല, പത്തനംതിട്ട വിജയിച്ചാലാണ് കളി മാറുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ബലത്തില്‍ അധികാരത്തില്‍ കയറുന്ന ഇടത്-വലതു മുന്നണികള്‍ക്ക് ഭൂരിപക്ഷ വോട്ടുകളിലെ ഏകീകരണം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക.

അസാധാരണമായ ഈ സാഹചര്യത്തിന് കേരളത്തിന്റെ പൊതു രാഷ്ട്രീയ ബോധം വഴങ്ങില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോഴും കോണ്‍ഗ്രസ്സും സി.പി.എമ്മും. അതേസമയം, അട്ടിമറി ഉണ്ടായാല്‍ അത് പത്തനംതിട്ടയില്‍ നിന്നും മറ്റു മണ്ഡലങ്ങളിലേക്ക് പടരാനുള്ള സാഹചര്യമുണ്ടെന്ന കാര്യം നേതാക്കള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.

പത്തനംതിട്ടയില്‍ ബിജെപി വിജയിച്ചാല്‍ പിന്നെ എന്‍.ഡി.എയുടെ ഭാഗമാകാന്‍ മറ്റു പാര്‍ട്ടികളിലെ പ്രമുഖര്‍ തന്നെ രംഗത്ത് വരുമെന്ന പ്രതീക്ഷ ബി.ജെ.പി നേതൃത്വത്തിനുണ്ട്. എന്‍.ഡി.എയില്‍ ചേരാന്‍ മടിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും ഇത്തരമൊരു വിജയം പ്രചോദനവുമാകും.

പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും തൃശൂരില്‍ രണ്ടാമത് എത്തുമെന്നുമാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. ചുരുങ്ങിയത് കേരളത്തില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ നിയമസഭാ മണ്ഡലങ്ങളിലെങ്കിലും മുന്നിലെത്താന്‍ കഴിയുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന ശക്തിയായി മാറുമെന്നതിലല്ല, സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ അട്ടിമറിയാണ് കാവിപ്പട ലക്ഷ്യമിടുന്നത്.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും മതനിരപേക്ഷ പാര്‍ട്ടികള്‍ക്കും ശക്തമായ സ്വാധീനമുള്ള പഴയ കേരളം സുരേന്ദ്രന്റെ വിജയത്തോടെ ഇല്ലാതാകുമെന്ന് ബിജെപി പറയുമ്പോള്‍ നിസാരമായി കണ്ട് അതിനെ തള്ളിക്കളയാന്‍ കഴിയില്ല.

കാരണം, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനിലൂടെ ബി.ജെ.പി വിജയിച്ചാല്‍ ഉണ്ടാകുന്ന എഫക്ടല്ല പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിച്ചാല്‍ ഉണ്ടാകുക.

കേരളത്തിന്റെ മണ്ണില്‍ എന്ത് സംഭവിക്കില്ലെന്നാണോ സി.പി.എമ്മും കോണ്‍ഗ്രസ്സും എല്ലാം അവകാശപ്പെടുന്നത് അത് തന്നെയാണ് അപ്പോള്‍ സംഭവിക്കുക.

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉണ്ടായാല്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും കാര്യങ്ങള്‍ കൈവിട്ടു പോകും. ശബരിമല ഉയര്‍ത്തി നേട്ടം കൊയ്തവര്‍ക്ക് വീണ്ടും നേട്ടം കൊയ്യാന്‍ മതപരമായ നിരവധി വിഷയങ്ങള്‍ വീണ്ടും സൃഷ്ടിക്കപ്പെടും. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു ജനതയുടെ കരുത്തില്‍ നില്‍ക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ മുഖമാണ് ഇതോടെ മാറി തുടങ്ങുക.

ന്യൂനപക്ഷ പ്രീണനം നടത്തിയാണ് ഇടത്-വലതു മുന്നണികള്‍ കേരളം ഭരിക്കുന്നതെന്ന പരമ്പരാഗതമായ സംഘപരിവാര്‍ പ്രചരണത്തിന് ശക്തി പകരാനും പത്തനംതിട്ട വിജയിച്ചാല്‍ ബി.ജെ.പിക്ക് കരുത്താകും. വീണ്ടും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരിക കൂടി ചെയ്താല്‍ കേരളത്തെയും അവര്‍ ത്രിപുരയാക്കാന്‍ ശ്രമിക്കും. കുമ്മനം ജയിച്ചാലും സുരേന്ദ്രന്‍ ജയിച്ചാലും കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പാണെന്ന് ഇതിനകം തന്നെ ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വീര പരിവേഷം തന്നെ അവര്‍ വിജയിച്ചാല്‍ ദേശീയ തലത്തിലും ലഭിക്കും.

ഇന്നലെ വരെ സാങ്കല്‍പ്പികമായി മാത്രം നമുക്ക് വിലയിരുത്താന്‍ കഴിയുമായിരുന്ന ഈ കാര്യങ്ങള്‍ പത്തനംതിട്ടയില്‍ ബി.ജെ.പി വിജയിച്ചാല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തന്നെ വിലയിരുത്തേണ്ടി വരും. മാറുന്ന കേരളമായി മാത്രമേ അത്തരം ഒരു സാഹചര്യത്തെ രാഷ്ട്രീയ കേരളത്തിന് നോക്കി കാണാന്‍ പറ്റൂ.

ഈ യാഥാര്‍ത്ഥ്യം അറിയുന്നത് കൊണ്ട് തന്നെയാണ് പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിക്കില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോഴും ഉറപ്പിച്ച് പറയുന്നത്. കാരണം പത്തനംതിട്ട ചതിച്ചാല്‍ അതിന്റെ പ്രതിധ്വനി കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും ഉണ്ടാകുമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും ഈ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് തന്നെയാണ്.

Express Kerala View

Top