ഗവർണര്‍ എടുക്കുന്ന ഒരോ തീരുമാനവും നിയമപരം: കെ സുരേന്ദ്രൻ

മലപ്പുറം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജി വച്ചു പോകേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.

എത്രയും പെട്ടന്ന് ബാലഗോപാലിനെ രാജി വെപ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യം. വഷളാക്കി മുന്നോട്ടുകൊണ്ടുപോയാൽ സർക്കാരിന് ഭാവിയിൽ വലിയ തിരിച്ചടി വരാനെ സാധ്യത ഉള്ളുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഗവർണർ എടുക്കുന്ന ഒരോ തീരുമാനവും നിയമപരമായിട്ടാണ്. മന്ത്രിമാർ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. ഗവർണർക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ ആകാത്തത് കൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

Top