വീണാ വിജയനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വീണാ വിജയനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടി കേസ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചര്‍ച്ച വിഷയമാണ്. മുഖ്യമന്ത്രിയും മകളും പണം എന്തിനു വാങ്ങി എന്ന കാര്യം അന്വേഷണത്തില്‍ പുറത്ത് വരും.അന്വേഷണം ഒന്നും ശരിയായി നടക്കില്ല, പ്രധാനമന്ത്രി ഒത്തു തീര്‍പ്പാക്കും എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. കേസ് തേച്ച് മായ്ച്ച് കളയുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് പൊതുവെ സ്വാധീനം കുറഞ്ഞ മണ്ഡലത്തിലൂടെയാണ് പദയാത്ര നടത്തിയതെന്നും എന്നാല്‍ വലിയ സ്വീകരണം ലഭിച്ചുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മോദിയോടും കേന്ദ്രത്തോടുമുള്ള ജനങ്ങളുടെ വിശ്വസ്യത കൂടി എന്നതാണ് ഇത് കാണിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അഴിമതിക്കെതിരായ ശക്തമായ പ്രതിഷേധം കാണാമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.സിഎംആര്‍എല്‍ വിവാദത്തിലെ വിവരങ്ങള്‍ ഷോണ്‍ ജോര്‍ജും, മാത്യു കുഴല്‍നാടനും ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്തതാണോ എന്നും തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ശക്തമായ സ്ഥാനാര്‍ഥി തന്നെ ഉണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്താനൊരുങ്ങുന്ന സമരം നനഞ്ഞ പടക്കമായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ ഉണ്ടാക്കുന്ന അഴിമതി പണത്തിന്റെ ചിലവില്‍ ആണ് സിപിഐഎം മുന്നോട്ട് പോകുന്നത്. ഇത്രയേറെ അടിമയായ പാര്‍ട്ടി സെക്രട്ടറിയെ ഇതുവരെ കണ്ടിട്ടില്ല. എം വി ഗോവിന്ദന്റെയും സീതാറാം യെച്ചുരിയുടെയും ചെല്ലും ചെലവും നടത്തുന്നത് പിണറായി വിജയന്റെ അഴിമതിപ്പണം കൊണ്ടാണ്. മടിയില്‍ കനം ഇല്ലെങ്കില്‍ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും കേന്ദ്ര ഏജന്‍സിയെ തടസപ്പെടുത്തിയാല്‍ നടപടി ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വി ഡി സതീശന്‍ ഗൂഢാലോചന നടത്തിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഏകകണ്‌ഠേന പ്രമേയം പാസാക്കാന്‍ യുഡിഎഫ് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. മാസപ്പടി കേസ് തെളിഞ്ഞാല്‍ എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും നേതാക്കള്‍ കുടുങ്ങും. അഴിമതിയും കൊള്ളയും കൂടുതല്‍ ബോധ്യപ്പെടും. അതുകൊണ്ട് യു ഡി എഫിനും കേസ് മുക്കാന്‍ ആയിരുന്നു താല്പര്യം. കുഞ്ഞാലിക്കുട്ടി അടക്കം ഇതില്‍ പങ്കാളിയാണ്. മാസപ്പടി വാങ്ങുന്ന ‘ലജ്ജയില്ലാത്ത’ വര്‍ഗമായി ഇവര്‍ മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Top