സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി; ജെഎന്‍യു സംഘര്‍ഷത്തെ പരിഹസിച്ച് ബിജെപി നേതാക്കള്‍

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഉണ്ടായ ആക്രമണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കുകയാണെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്ത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പരിഹസിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും രംഗത്തെത്തിയത്.

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ശോഭയുടെ പരിഹാസം. സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി! ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍ നിന്ന് ഈ റിപ്പോര്‍ട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല- ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജെ. എന്‍. യുവില്‍ കോണ്‍ഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം. ദേശീയമാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ മലയാള മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ്സ് സംഘമാണ്- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു,

അതേ സമയം ജെഎന്‍യു ക്യാംപസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ അടക്കമുള്ള ഇടതുനേതാക്കള്‍ ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി.

Top