കേരളാ പൊലീസില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളാ പൊലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെടുന്നു. പൊലീസില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡിജിപി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്‌റ പറഞ്ഞിരുന്നു. സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്നും ഡിജിപി പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

സ്ഥാനം ഒഴിയുമ്പോള്‍ എങ്കിലും സത്യം പറഞ്ഞതിന് ഡിജിപിയെ അഭിനന്ദിക്കുന്നു എന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഐസ് സാന്നിധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബിജെപി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐഎസ് നേതൃത്വത്തില്‍ ലവ് ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്നു തങ്ങള്‍ പറഞ്ഞപ്പോള്‍ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വെച്ചു കളിക്കരുത്. തീവ്രവാദ സംഘടനകള്‍ക്ക് മെയില്‍ ചോര്‍ത്തിയ ഷാജഹാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നല്‍കി.

സ്‌പെഷ്യല്‍ ബ്രാഞ്ചിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ഐഎസ് സാന്നിധ്യമുണ്ട്. അഫ്ഗാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നു. കേരള സര്‍വകശാലയില്‍ 1042 വിദ്യാര്‍ത്ഥികളുണ്ട്. പൊലീസ് ആസ്ഥാനത്ത് ഐഎസ് സ്ലീപ്പിങ് സെല്‍ ഉണ്ട് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കൊട്ടേഷന്‍ സംഘങ്ങളെ ഒളിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിനകത്താണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ആകാശ് തില്ലങ്കേരി 2017 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബിജെപിയുടെ തീരുമാനം. കള്ളപ്പണ കേസുമായി ബിജെപിയെ ഒരു തരത്തിലും ബന്ധിപ്പിക്കാന്‍ ആവില്ല. കള്ളകേസ് എടുക്കുമായിരിക്കും. ജയിലില്‍ അടക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴല്‍പണകേസ് എന്നൊരു കേസില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top