ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം; കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കികൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത്. നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും നിരവധി ആരോപണങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാല് കൊല്ലവും ഇതാണ് അവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ഇതുപോലെ ഒരു പത്തംഗം ബി.ജെ.പിക്കുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ വെള്ളം കുടിക്കുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് മിഷന്‍, സ്വര്‍ണ കള്ളക്കടത്ത്, ജലീല്‍ വിഷയം ഇതിലൊന്നും തൃപ്തികരമായ മറുപടി പറയാന്‍ മുഖ്യന്ത്രി തയ്യാറായിട്ടില്ല. കെ.ടി ജലീലിന്റെ ചട്ടലംഘനവും സ്വര്‍ണക്കടത്തും സംബന്ധിച്ച് ജലീലിന്റെ വിശദീകരണം തന്നെയാണ് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന പരമായ ഒരു കാര്യവും മുഖ്യമന്ത്രി പറഞ്ഞില്ല. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തിയിട്ടും തന്റെ ഓഫീസിനെ ആരും കുറ്റപ്പെടുത്തിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

യുഡിഎഫ് ഇവിടെ പരാജയപ്പെട്ടു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് ബി.ജെ.പി തുടക്കം കുറിക്കുകയാണ്. വരുന്ന നാല്, ആഞ്ച്, ആറ് തീയതികളിലായി ബിജെപി ജില്ലാ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Top