‘പൊലീസ് ക്രിമിനലുകൾ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു, ആഭ്യന്തരം നാഥനില്ല കളരി’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകർക്കുന്നത് പൊലീസ് തന്നെയാണ്. കേരളത്തിൽ പൊലീസ് രാജാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിൽ മനോഹരൻ എന്ന യുവാവ് മരണപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായ സിഐക്കും പൊലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പൊലീസ് എന്നത് തനിക്ക് സുരക്ഷ തരാനുള്ള സംവിധാനം മാത്രമായാണ് പിണറായി വിജയൻ കരുതുന്നത്. പിണറായി ഭരണത്തിൽ സംസ്ഥാനത്തെ പൊലീസ് കാട്ടാളൻമാരെ പോലെ പ്രവർത്തിക്കുകയാണ്.

കേരളത്തിലെ പൊലീസ് ഓഫീസർമാരിൽ നിരവധിപേർ ക്രിമിനലുകളാണെന്ന ഇന്റലിജന്‍സ് റിപ്പോർട്ട് ഉണ്ടായിട്ടും ഇത്തരക്കാരെ സഹായിക്കുന്നതിന്റെ ദുരന്തഫലമാണ് തൃപ്പൂണിത്തുറയിലുണ്ടായിരിക്കുന്നത്. പോക്കറ്റിൽ കയ്യിട്ടുവെന്ന പേരിൽ യുവാവിനെ മർദ്ദിച്ച തൃപ്പൂണിത്തുറ സിഐ ഭരണകക്ഷിയുടെ പ്രിയപ്പെട്ടവനായത് കൊണ്ടാണ് ഇങ്ങനെ അഴിഞ്ഞാടുന്നതെന്ന് വ്യക്തമാണ്. യാത്രക്കാരെയും പൊതുജനങ്ങളെയും തല്ലാനും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിടാനും പിണറായി വിജയൻ നിർദ്ദേശിച്ചതാണോയെന്ന് ഡിജിപി വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്ത പൊലീസാണ് വഴിയാത്രക്കാരെ തല്ലിക്കൊല്ലുന്നത്. മെഡിക്കൽ കോളേജിലെ സിപിഎം അനുകൂല സംഘടനയുടെ നേതാവായ പ്രതിയെ രക്ഷിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച നഴ്സിം​ഗ് അസിസ്റ്റൻഡ് ഉൾപ്പെടെയുള്ള പ്രതികളെ കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. എൻജിഒ യൂണിയൻ നേതാക്കളാണ് പ്രതികൾ എന്നതാണ് പൊലീസിന്റെ അലസതക്ക് കാരണം.

തിരുവനന്തപുരം പാറ്റൂരിൽ വീട്ടമ്മയെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയെ ഇതുവരെ കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പൊലീസ് എത്തിയിരുന്നെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top