മുഖ്യമന്ത്രി ജനാധിപത്യത്തിന്റെ അന്തകനും കാലനും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അന്തകനും കാലനുമാണെന്ന പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. കേരള സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെ തടയിടാനാണ് ഇപ്പോള്‍ പൊലീസ് വകുപ്പില്‍ നിയമഭേദഗതി ചെയ്തിരിക്കുന്നത്. ഭാരതീയ ജനതാപാര്‍ട്ടി ശക്തമായി ഇതിനെ നേരിടും.

ഞങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയപരമായും അടിയന്തരാവസ്ഥ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായി പോരാട്ടം നടത്തും. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണിത്. ജനാതിപത്യത്തെ പിണറായി വിജയന്‍ കശാപ്പ് ചെയ്യുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

അഴിമതി കേസുകള്‍ പുറത്തുവരാതിരിക്കാനാണ് പത്രമാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൂച്ചുവിലങ്ങിടാന്‍ ഇത്തരം ഒരു കരിനിയമം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയും ഗുരുതരമായൊരു കരിനിയമം ഒരു സര്‍ക്കാരും നടപ്പിലാക്കിയിട്ടില്ല. പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറി. ജനാധിപത്യത്തിന്റെ കാലനായി മാറിയ പിണറായി വിജയന്‍ ജനാധിപത്യത്തെ പൊലീസിനെ ഉപയോഗിച്ച് കശാപ്പ് ചെയ്യുകയാണന്നും സുരേന്ദ്രന്‍ വ്യക്കമാക്കി.

Top