ലൈഫ് മിഷന്‍ കരാര്‍ വിവരങ്ങള്‍ നല്‍കാത്തതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ മുഖ്യമന്ത്രി കരാറിന്റെ വിവരങ്ങള്‍ നല്‍കാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷവും ചോദിച്ചിട്ടും എംഒയു നല്‍കുന്നില്ല. കരാറിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ മതത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണ്. വര്‍ഗീയ രാഷ്ട്രീയം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം. ഖുറാന്റെ മറവില്‍ ജലീല്‍ കള്ളക്കടത്തിന് കൂട്ടുനിന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ടുപോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കിഫ്ബിയില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. അത് ഒളിച്ചുവെക്കാനാണ് വലിയ തുക ചെലവഴിച്ച് പരസ്യം നല്‍കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ഉദ്ഘാടന മഹാമഹങ്ങള്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top