മുഖ്യമന്ത്രി അധികാര സ്ഥാനത്തിരുന്നാല്‍ അന്വേഷണം ശരിയാകില്ല; കെ സുരേന്ദ്രന്‍

കൊച്ചി: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഉള്ളിടത്തോളം കാലം സ്വര്‍ണക്കടത്ത് കേസന്വേഷണം ശരിയായ രീതിയില്‍ നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്തിന് ഇടനിലക്കാരനായി നിന്നത് ശിവശങ്കറും സ്വപ്നയുമാണ്. മുഖ്യമന്ത്രി വിദേശത്ത് പോവുന്നതിന് മുന്നെ സ്വപ്നയും ശിവശങ്കറും വിദേശത്ത് പോയി. പല വ്യവസായ പ്രമുഖരുമായും ഇവര്‍ സംസാരിച്ചിട്ടുണ്ട്.

പല സന്നദ്ധ സംഘടനകളുടേയും പേര് പറഞ്ഞ് കേരളത്തിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആസൂത്രണം നടത്തിയത് ശിവശങ്കര്‍ മാത്രമാണ് എന്ന് കരുതാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊണ്ടുവന്നിട്ടുള്ള പണത്തിന്റെ ഒരു ഭാഗം ലൈഫ് മിഷനിലേക്കാണ് പോയത്. ശിവശങ്കറും സ്വപ്ന സുരേഷും വിദേശത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ധനസഹായം ലൈഫ് മിഷനു വേണ്ടി വന്നത്. അന്വേഷണം ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരളത്തിലേക്ക് വന്ന മറ്റ് ധനസഹായവും പരിശോധിക്കണമെന്നും ഏതൊക്കെ സംഘടനകള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് എത്ര കോടി ധനസഹായം പ്രളയാനന്തരം എത്തിയിട്ടുണ്ട്. കള്ളക്കടത്തിന് എന്തെല്ലാം സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്ത് കൊടുത്തത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ബന്ധമുണ്ട് എന്നത് മനസ്സിലായത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്.

എന്നാല്‍ വഴി വിട്ട ഇടപാടിന്റെ ഭാഗമായിട്ട് മാത്രമല്ല ശിവശങ്കര്‍ കസ്റ്റഡിയിലാവുന്നത് എന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top