കടകംപളളി കേരള മന്ത്രിസഭയിലെ ശകുനി; പരിഹസിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രന്‍ കേരള മന്ത്രിസഭയിലെ ശകുനിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജവാഴ്ചയില്‍ തമ്പുരാക്കന്മാര്‍ പറയും പോലെയാണ് കടകംപള്ളി പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി വീഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. അതാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതിനെതിരേയുള്ള കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്നുണ്ടാകുന്നതാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടകംപള്ളിക്കും മറ്റുമുള്ളത്. പിണറായിക്കെതിരേ മിണ്ടാന്‍ പാടില്ലെന്ന് വാദിക്കാനൊന്നും ഇവര്‍ക്ക് അധികാരമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ജനാധിപത്യ സമൂഹത്തില്‍, ആരേയും വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്ന് പറഞ്ഞ സുരേന്ദ്രന്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും കടമയാണെന്നും ചൂണ്ടിക്കാട്ടി.പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാനാണ് കടകംപള്ളിയെ പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ഏറ്റവും വലിയ ആര്‍ത്തി കടകപള്ളിയെ പോലുള്ള മന്ത്രിമാര്‍ക്കാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ധൂര്‍ത്ത് കുറയ്ക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള ശ്രമം നടക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top