അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തേണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസില്‍ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങളെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്റെ ഗുണ്ടായിസം നേരിടാന്‍ സമൂഹത്തിനറിയാം. അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. എതിര്‍ക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജന്‍സികളുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിക്കുകയല്ല ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയക്കുകയാണ്. സഹകരിച്ച് അന്വേഷണം നടത്താമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ വന്ന ഏജന്‍സികളെയാണ് ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. അഴിമതി കേസില്‍ അന്വേഷണ ഏജന്‍സികളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡോളര്‍ കേസ് പുതിയ കേസല്ല. സ്വര്‍ണകടത്ത് കേസിന്റെ തുടര്‍ച്ചയായാണ് ഇത്. നിയമവിധേയമായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്കാരെ ഇറക്കി ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ തിരിച്ച് ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top