വിഡി സതീശന്‍ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്; പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

യുവമോര്‍ച്ച സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ യൂത്ത് ഓണ്‍ സ്ട്രീറ്റ് എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്‌സണല്‍ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല എന്ന നിലപാടാണ് ഭരണപ്രതിപക്ഷത്തിനെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നു. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 15 ശതമാനം പേരെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാര്‍ക്ക് പോലും വെറും 15 പേഴ്‌സണല്‍ സ്റ്റാഫുകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ ചീഫ് വിപ്പിന് പോലും 30ഓളം പേരാണുള്ളത്.

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇത് തന്നെയാണ് അവസ്ഥ. വിഡി സതീശന്‍ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജസദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ‘ജനങ്ങളുടെ പക്ഷം പറയേണ്ടയാളാണ് പ്രതിപക്ഷ നേതാവ് എന്നാല്‍ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുന്നയാളാണ് സതീശന്‍’ എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Top