കെ ടി ജലീല്‍ സ്വര്‍ണ കിറ്റാണോ വിതരണം ചെയ്തത്?; ചോദ്യം ആവര്‍ത്തിച്ച് കെ സരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഒരോ ദിവസവും പുറത്തുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന മന്ത്രിസഭയിലെ തന്നെ ഒരു അംഗം സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നോ യാതൊരു പ്രതികരണവും ഇതേ വരെ ഉണ്ടായിട്ടില്ല.

സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നതാണ്. മുന്‍പ് താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീലില്‍ റംസാന്‍ കിറ്റാണോ സ്വര്‍ണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് പല മാധ്യമപ്രവര്‍ത്തകരും അതിശയോക്തിയോടെയാണ് ഈ ചോദ്യത്തെ കണ്ടത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിയാറ്റില്‍ നിന്ന് 28 ബഗേജുകള്‍ മലപ്പുറം ജില്ലയിലേക്ക് പോയി എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റില്‍ കെ.ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ്. ഇവിടേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകള്‍ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജന്‍സികള്‍ നടപടികളാരംഭിച്ചു.

എന്നാല്‍ വിശുദ്ധ ഖുറാന്‍ ആണ് മലപ്പുറത്തേക്ക് പോയതെന്നാണ് ജലീല്‍ പറഞ്ഞത്. ഇത് അവിശ്വസനീയമായ കാര്യമാണ്. വിശുദ്ധ ഖുറാന്‍ യുഎഇയില്‍ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരുകാര്യവും ഇല്ല. കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാന്‍ എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top