ജലീല്‍ മതത്തെ മറയാക്കി ഇരവാദം ഉയര്‍ത്തുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ജലീലിന് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനായിട്ടുള്ളത് ചട്ടലംഘന കേസില്‍ അല്ല. ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഖുറാന്‍ കടത്തുന്നത് നിയമലംഘനമാണോ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നത്. ഈ പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെ സിപിഎം ഒരു മതത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഇങ്ങനെ നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെയും മതത്തെയും ഉള്‍പ്പെടുത്തി സ്വര്‍ണക്കടത്തിനെ നേരിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനം തള്ളിക്കളയുമെന്നും ഖുറാന്‍ ഇവിടെ ഒരു വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈന്തപ്പഴത്തെയും സിപിഎം വര്‍ഗീയ നേട്ടമാക്കുമോ എന്നാണ് തങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി സ്വര്‍ണം കടത്തിയോ എന്നാണ് സിപിഎം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത് ജലീലാണ്. വിശുദ്ധ ഗ്രന്ഥത്തെ കള്ളകടത്തിന് മറയാക്കുന്നത് വിശ്വാസികള്‍ അംഗീകരിച്ചുകൊടുക്കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഖുറാന്‍ വിതരണം ചെയ്യണമായിരുന്നെങ്കില്‍ വഖഫ് ബോര്‍ഡില്‍ എല്‍പ്പിക്കാമായിരുന്നല്ലോ. ഇതിനായി വഖഫിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാമായിരുന്നല്ലോ. എന്തിനാണ് ഒളിച്ചുകടത്തിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Top