ലോക കേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണെന്ന് കെ. സുരേന്ദ്രന്‍

K Surendran

കൊച്ചി: ലോക കേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. അഡ്വര്‍ടൈസ്‌മെന്റ്, അലങ്കരണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഭക്ഷണം ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു. അന്‍പതിനായിരത്തില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് നിയമാനുസൃതം ടെന്‍ഡര്‍ വിളിക്കണം. അതുണ്ടായിട്ടില്ല. ഞെട്ടിക്കുന്ന വേറൊരുകാര്യം അതിഥികള്‍ ഭക്ഷണം കഴിച്ച പ്‌ളേററുകള്‍ മാസ്‌കറ്റ് ഹോട്ടലിലെ തൊഴിലാളികളെക്കൊണ്ടാണ് കഴുകിച്ചതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

നിയമസഭാ സ്പീക്കറുടെ അരലക്ഷത്തിന്റെ കണ്ണടയും നാലു ലക്ഷത്തിന്റെ ചികില്‍സയും വാര്‍ത്തയായതിനുപിന്നാലെ പുതിയൊരു വന്‍ ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന വിവരം കൂടി പുറത്തേക്കുവരികയാണ്. നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നത്. അഡ്വര്‍ടൈസ്മെന്റ്, അലങ്കരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടുകയാണ്. പുതിയ രേഖകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കി ഫയലില്‍ വെക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്.

ഭക്ഷണം ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു. അന്‍പതിനായിരത്തില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് നിയമാനുസൃതം ടെന്‍ഡര്‍ വിളിക്കണം. അതുണ്ടായിട്ടില്ല. ഞെട്ടിക്കുന്ന വേറൊരുകാര്യം അതിഥികള്‍ ഭക്ഷണം കഴിച്ച പ്ളേററുകള്‍ മാസ്കറ്റ് ഹോട്ടലിലെ തൊഴിലാളികളെക്കൊണ്ടാണ് കഴുകിച്ചത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ക്കിടയിലുണ്ട്. മുഖ്യമന്ത്രിയുടെ ഒരു ഉപദേശിയും ആരോപണവിധേയരായ പതിവു കഥാപാത്രങ്ങളും തന്നെയാണ് ഇതിന്റെയും ഗുണഭോക്താക്കള്‍. വിദേശത്തുജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് ഡെലിഗേററ് ആയി വിളിക്കുന്നത് എന്നാണ് നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വന്നവരില്‍ വിദേശത്തു പൗരത്വമുള്ള നിരവധി പേരുണ്ടായിരുന്നു.

പ്രാഞ്ചി പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ല. ചുരുക്കം ചില തല്‍പ്പരകക്ഷികളുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് പവിത്രമായ നിയമസഭയെപ്പോലും ഉപയോഗപ്പെടുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്. കേരളം കടക്കെണിയില്‍ നട്ടം തിരിയുന്ന ഈ വേളയില്‍ ലോകകേരളസഭ സംബന്ധിച്ച ദുരൂഹതകള്‍ നീക്കാനും വരവുചെലവുകണക്കുകളും മററു വിശദാംശങ്ങളും പുറത്തുവിടാനും ബഹുമാനപ്പെട്ട സ്പീക്കര്‍ തന്നെ മുന്‍കയ്യെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Top