പിണറായി വിജയന്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അന്തിമവിധി പറഞ്ഞ ഒരു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിയമസഭയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ്വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണെന്ന് കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശിവന്‍കുട്ടി രാജിവെക്കും വരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസമന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ശിവന്‍കുട്ടിയില്‍ നിന്നും രാജി എഴുതിവാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തുകയാണ്.

വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയിരുന്നു. ബിജെപി നേമം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

Top